പത്തനംതിട്ട : പത്തനംതിട്ടയിൽ കനത്ത മഴ. അച്ചൻകോവിലാർ ഉൾപ്പെടെയുള്ള നദികളിൽ ജലനിരപ്പ് ഉയരുകയാണ്. അച്ചൻകോവിലാറിൽ ജലനിരപ്പ് രണ്ടടിയെങ്കിലും ഉയർന്നതായാണ് സൂചന. നദിയിലേക്ക് വലിയ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. വെള്ളം കലങ്ങി ഒഴുകുന്നതിനാൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. കിഴക്കൻ മേഖലകളിൽ മഴ ആദ്യം ബാധിക്കുന്നത് അച്ചൻകോവിലാറിനെയാണ്.

വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്നലെ മുതൽ തുടർച്ചയായി പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.