വെഞ്ഞാറമൂട് സ്വദേശി അനസ് ഹജാസ് അപകടത്തിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് സ്കേറ്റ്ബോർഡിൽ യാത്ര ചെയ്യുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിനിടെയാണ് അനസിന് ഹരിയാനയിൽ അപകടമുണ്ടായത്.

പഞ്ചാബ്-ഹരിയാന അതിർത്തിയിലെ പച്ഗുള ജില്ലയിലെ കൽക്ക ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് രാവിലെ അനസിന്‍റെ ഫോണിൽ വിളിച്ച സുഹൃത്തിന് ആശുപത്രിയിൽ നിന്നാണ് വിവരം ലഭിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയുമായി ബന്ധപ്പെടുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. ട്രക്ക് ഇടിച്ചതാണ് അനസിന്‍റെ മരണകാരണമെന്നാണ് സൂചന.

2022 മെയ് 29 നാണ് അനസ് ഹിജാസ് കന്യാകുമാരിയിൽ നിന്ന് ഒറ്റയ്ക്ക് യാത്ര ആരംഭിച്ചത്. മധുര, ബെംഗളൂരു, ഹൈദരാബാദ്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഹരിയാനയിലെ ബഞ്ചാരിയിൽ എത്തിയെന്നും 813 കിലോമീറ്റർ ദൂരം താണ്ടിയാൽ കശ്മീരിലെത്തുമെന്നും അനസ് സുഹൃത്തുക്കളെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ദുരന്തവാർത്ത വന്നത്. സംഭവം അറിഞ്ഞയുടൻ എ.എ റഹീം എം.പിയുടെ ഇടപെടൽ ഉണ്ടായതായി ബന്ധുക്കൾ പറഞ്ഞു. അനസിന്‍റെ സഹോദരനും മറ്റ് രണ്ട് പേരും വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് പോകും.