അട്ടപ്പാടി മധു കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ഗൂഢാലോചന നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ വ്യാപകമായ കൂറുമാറ്റമുണ്ടായെന്നും സാക്ഷികൾക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മധുവിന്‍റെ കേസ് സംസ്ഥാനത്തിനെതിരായ കുറ്റമാണ്. എന്നാൽ പ്രോസിക്യൂഷന് ശ്രദ്ധയില്ലെന്നും വി ഡി സതീശൻ ആരോപിച്ചു.

ഉടൻ തന്നെ അട്ടപ്പാടിയിലെത്തി മധുവിന്‍റെ അമ്മയെയും സഹോദരിയെയും കാണുമെന്നും വി ഡി സതീശൻ പറഞ്ഞു. നീതി ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്വന്തം ആളുകളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കിയതിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി നിയമിക്കുന്നതിന് മുമ്പ് സർക്കാർ മൂന്ന് തവണ ആലോചിക്കണമായിരുന്നുവെന്നും സതീശൻ ആരോപിച്ചു. ശക്തമായ പ്രതിഷേധം വകവയ്ക്കാതെ മജിസ്ട്രേറ്റിന്‍റെ അധികാരമുള്ള ജില്ലാ കളക്ടറായി ശ്രീറാമിനെ നിയമിക്കാനുള്ള തീരുമാനമെടുത്തത് അനുചിതമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.