ദുബായ്: യു.എ.ഇ.യുടെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അധികൃതർ നൽകിയ മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷം ജനങ്ങളോട് സഹകരിക്കാൻ കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. റാസ് അൽ ഖൈമ, ഷാർജ തുടങ്ങിയ എമിറേറ്റുകളുടെ ചില ഭാഗങ്ങളിൽ മഴ ലഭിച്ചു.

രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും കനത്ത മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള സ്ഥലങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങൾ ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണമെന്നും യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്തിന്‍റെ കിഴക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ കനത്ത മഴ, കാറ്റ്, ഇടിമിന്നൽ എന്നിവയും ഉണ്ടാകാൻ സാധ്യതയുണ്ട്. വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കാനും ബീച്ചുകൾ, വെള്ളം ഒഴുകുന്ന സ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.