കോട്ടയ്ക്കൽ: സംസ്ഥാന സർക്കാരിന്റെ ക്ഷേത്രകലാശ്രീ പുരസ്കാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് മേളപ്രമാണി പെരുവനം കുട്ടൻമാരാർ. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിലിരിക്കെയാണ് അവാർഡിനെക്കുറിച്ച് അറിയുന്നത്. മുൻപ് ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, കലാമണ്ഡലം ഗോപി, മട്ടന്നൂർ ശങ്കരൻകുട്ടി, മേതിൽ ദേവിക എന്നിവർക്ക് ലഭിച്ചിരുന്നു.

കുട്ടൻ മാരാരെ 11 വർഷം മുമ്പ് കേന്ദ്രസർക്കാർ പത്മശ്രീ നൽകി ആദരിച്ചിരുന്നു. കൂടാതെ, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി എന്നിവയിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ അപ്പുമാരാർ അവാർഡ്, ഫെലോഷിപ്പുകൾ എന്നിവ ലഭിച്ചിട്ടുണ്ട്. “ക്ഷേത്ര കലകളുടെ പേരിൽ പുരസ്കാരം ലഭിച്ചതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. അത്തരം ബഹുമതികൾ മേളസപര്യയുമായി മുന്നോട്ട് പോകാൻ ഞങ്ങൾക്ക് വലിയ ഊർജ്ജം നൽകുന്നു,” പെരുവനം പറഞ്ഞു.

മേളാചാര്യർ വിശ്വംഭര ക്ഷേത്രത്തിലും പാണ്ടമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഉത്സവത്തിനായി എത്താറുണ്ട്. രണ്ട് വർഷം മുമ്പ് വിശ്വംഭര ക്ഷേത്രോത്സവത്തിനായി അദ്ദേഹത്തിന്‍റെ മേളം നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യം കാരണം റദ്ദാക്കുകയായിരുന്നു.