തിരുവനന്തപുരം: അധ്യാപക നിയമനം പരിമിതപ്പെടുത്തുന്ന വ്യവസ്ഥകൾ പിൻവലിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ നിയമനത്തിന് ഏർപ്പെടുത്തിയ നിബന്ധനകൾ പിൻവലിക്കണമെന്നാണ് സർക്കാർ സമിതിയുടെ ശുപാർശ. പിജി വെയ്റ്റേജ് ഒഴിവാക്കി പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 1500 ഓളം തസ്തികകൾ നഷ്ടപ്പെടാൻ കാരണമായെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണിത്.

അധിക തസ്തികകളിൽ 16 മണിക്കൂർ അധ്യാപന സമയം നിർബന്ധമാക്കിയതും ഇല്ലാതാക്കി. ഇത്തരം സാഹചര്യങ്ങൾ ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തൽ.

സർക്കാർ/ എയ്ഡഡ് കോളേജുകളിലെ ജോലിഭാരം പരിഗണിച്ച് അധ്യാപക തസ്തികകൾ പുനഃക്രമീകരിച്ച് 2020 ഏപ്രിലിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ഇത്തരമൊരു സാഹചര്യം ഉടലെടുത്തത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ദീർഘകാല നടപടിയെന്ന നിലയിൽ എയ്ഡഡ് കോളേജുകളിലെ അനാവശ്യ നിയമനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്. ഇതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.