കോടനാട്: വെള്ളക്കെട്ടിനെ തുടർന്ന് റിസോർട്ടിൽ കുടുങ്ങിയ വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. കോടനാട് ആനക്കൊട്ടിലിന് സമീപത്തെ എലഫന്റ് പാസ് റിസോർട്ടിൽ നിന്നാണ് ഏഴംഗ സംഘത്തെ പുറത്തെത്തിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയാണ് സംഭവം. പെട്ടെന്ന് പെരിയാറിനടുത്തുള്ള റിസോർട്ടിലേക്ക് വെള്ളം കയറി. രണ്ട് വിദേശികളും ഫോർട്ടുകൊച്ചിയിലെ ഒരു കുടുംബവും ഒരു റിസോർട്ട് ജീവനക്കാരനുമാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്.

സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പോലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. വിനോദ സഞ്ചാരികളെ സമീപത്തെ മറ്റൊരു റിസോർട്ടിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.