കണ്ണൂര്‍: ഇത്തവണത്തെ ഓണക്കിറ്റ് വിതരണം പതിവുപോലെ റേഷൻ കടകൾ വഴിയായിരിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. കൊവിഡ് കാലത്തെ കിറ്റ് വിതരണത്തിനുള്ള കമ്മിഷൻ രൂപത്തിലുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക അടച്ചാൽ മാത്രമേ ഓണക്കിറ്റുകൾ വിതരണം ചെയ്യുകയുള്ളൂവെന്ന് സർക്കാർ അനുകൂല വ്യാപാരി സംഘടനകൾ ഉൾപ്പെടെയുള്ള റേഷൻ വ്യാപാരികളുടെ സംഘടനകൾ പറയുന്നു. കമ്മിഷന്‍ ഇനത്തില്‍ 60 കോടിയോളം രൂപ ഇനിയും ലഭിക്കാനുണ്ട്. കിറ്റ് വിതരണത്തെ കൊവിഡ് കാലത്ത് നടത്തിയ സേവനമായി കാണണമെന്നാണ് സർക്കാർ പറയുന്നത്. ഓണക്കിറ്റ് വിതരണവും സമാനമായ സേവനമായി സമീപിക്കണമെന്ന് ചർച്ചയിൽ മന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞതിനെ യൂണിയന്‍ നേതൃത്വം തള്ളിയിരുന്നു. അവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

ഇത്തവണ 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുക. സപ്ലൈകോ വഴിയാണ് സൗജന്യ കിറ്റുകൾ തയ്യാറാക്കി നൽകുന്നത്. കശുവണ്ടിപ്പരിപ്പ് (50 ഗ്രാം), നെയ് മില്‍മ (50 മില്ലി), മുളക്പൊടി (100 ഗ്രാം), മഞ്ഞള്‍പൊടി (100ഗ്രാം), ഏലയ്ക്ക (20 ഗ്രാം), വെളിച്ചെണ്ണ (500 മില്ലി), തേയില (100 ഗ്രാം), ശര്‍ക്കരവരട്ടി (100 ഗ്രാം), ഉണക്കലരി-ചമ്പാപച്ചരി (500 ഗ്രാം), പഞ്ചസാര (ഒരുകിലോ), ചെറുപയര്‍ (500 ഗ്രാം), തുവരപ്പരിപ്പ് (150 ഗ്രാം), പൊടിയുപ്പ് (ഒരുകിലോ), തുണിസഞ്ചി. കിറ്റിന്റെ ആകെ വില 447 രൂപയാണ്.