തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ഉദ്ഘാടനം ചെയ്ത ഇലക്ട്രിക് ബസ് വഴിയിൽ നിന്നു. തിരുവനന്തപുരം നഗരത്തിൽ ബ്ലൂ സർക്കിൾ സർവീസിനായി വിട്ടുനൽകിയ രണ്ട് ബസുകളിൽ ഒന്നാണ് പണിമുടക്കിയത്. ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് 95 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് ബസ് വഴിയിൽ നിന്നത്. തുടർന്ന് യാത്രക്കാരെ ഇറക്കി മറ്റൊരു ബസിൽ കയറ്റി വിട്ടു. പിന്നാലെ മൊബൈൽ വർക്ക്ഷോപ്പ് വാഹനം എത്തി ഇലക്ട്രിക് ബസ് കെട്ലിടിച്ച് വികാസ് ഭവൻ ഡിപ്പോയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ബസിന് കേടുപാടുകൾ സംഭവിച്ചതിന്‍റെ കാരണം വ്യക്തമല്ല. ഇത് ബാറ്ററിയുടെ തകരാറാണെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസം മുമ്പ് ഹരിയാനയിൽ നിന്ന് വാങ്ങിയ ബസ് ട്രയൽ റൺ നടത്തിയതിന് ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടി. ഘട്ടം ഘട്ടമായി നഗരഗതാഗതത്തിന് ഇലക്ട്രിക് ബസുകൾ ഉപയോഗിക്കാനുള്ള 400 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് ബസ് വാങ്ങിയത്. ആദ്യഘട്ടത്തിൽ 25 ബസുകൾ നിരത്തിലിറക്കും.

ജീവനക്കാർക്ക് ശമ്പളം നൽകാൻ പാടുപെടുന്ന കെ.എസ്.ആർ.ടി.സി ഇത്രയും വിലയ്ക്ക് പുതിയ ബസുകൾ വാങ്ങുന്നതിനെതിരെ ഇടത് സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ബസ് സർവീസ് ഉദ്ഘാടന വേളയിൽ ജീവനക്കാരുടെ സംഘടനകളും പ്രതിഷേധിച്ചിരുന്നു.