തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ ഭക്ഷ്യമന്ത്രി ജി ആർ അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിന്‍റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം. ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചത് തന്നോട് ചോദിക്കാതെയാണെന്ന് ജി.ആർ അനിൽ മന്ത്രിസഭാ യോഗത്തിൽ പരാതിപ്പെട്ടു. അഭിപ്രായം ചോദിക്കാതെ മന്ത്രിയെ നിയമിച്ച രീതി ശരിയല്ല. സി.പി.ഐ മന്ത്രിമാരുടെ വകുപ്പിൽ മുമ്പും ഇത്തരം നിയമനങ്ങൾ നടന്നിട്ടുണ്ടെന്ന് ജി.ആർ അനിൽ പറഞ്ഞു.

ജിആർ അനിലിന്‍റെ പരാമർശത്തിൽ അതൃപ്തി അറിയിച്ചാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്കയച്ച കത്തിലെ വിവരങ്ങളാണ് മാധ്യമങ്ങൾക്ക് ലഭിച്ചതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. മന്ത്രിമാർക്ക് അഭിപ്രായം പറയാനും മുഖ്യമന്ത്രിക്ക് കത്ത് നൽകാനും അവകാശമുണ്ട്. എന്നാൽ, കത്തിനെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയല്ല. കത്ത് ഓഫീസിലെത്തി അത് തുറക്കുന്നതിന് മുമ്പ് തന്നെ ഈ വാർത്ത മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇതിന്‍റെ ഉത്തരവാദിത്തം മന്ത്രിക്കാണ്. സാധാരണ നിലയിൽ ആലോചിച്ചാണ് ചീഫ് സെക്രട്ടറി നിയമന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. ആദ്യമായി മന്ത്രിയായതുകൊണ്ട് മനസിലാകാത്തതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയോടെ വിഷയത്തിൽ കൂടുതൽ ചർച്ച ഉണ്ടായില്ല.

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിന്‍റെ നിയമനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ജി.ആർ അനിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഓണക്കിറ്റ് വിതരണ പ്രക്രിയ പുരോഗമിക്കുന്നതിനിടെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി ശരിയല്ലെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ശ്രീറാമിനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് നീക്കി ഉത്തരവിറക്കിയത്. സപ്ലൈകോ ജനറൽ മാനേജർ തസ്തിക ജോയിന്‍റ് സെക്രട്ടറിക്ക് തുല്യമായി ഉയർത്തി. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.