അട്ടപ്പാടിയിലെ മധു വധക്കേസിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. കേസിൽ ഒരു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി വിചാരണ കോടതിക്ക് നിർദേശം നൽകി. പുതിയ നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു ദിവസം കൂടുതൽ സാക്ഷികളെ വിസ്തരിക്കും. ഓരോ ദിവസവും അഞ്ച് സാക്ഷികളെ വിസ്തരിക്കും.

കേസിലെ സാക്ഷികളുടെ കൂറുമാറ്റം പ്രോസിക്യൂഷന് തിരിച്ചടിയാണ്. കേസിൽ ഇന്ന് ഒരാൾ കൂടി കൂറുമാറി. 21-ാം സാക്ഷിയായ വീരനാണ് ഇന്ന് കോടതിയിൽ കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം 11 ആയി.

നേരത്തെ പൊലീസിന്‍റെ നിർബന്ധത്തിന് വഴങ്ങിയാണ് മൊഴി നൽകിയതെന്ന പതിവ് മൊഴിയും വീരൻ ആവർത്തിച്ചു. കേസിൽ ഇന്ന് ഹാജരാകാൻ വിളിപ്പിച്ച 22-ാം സാക്ഷി മുരുകൻ കോടതിയിൽ ഹാജരായില്ല. സാക്ഷി ഹാജരാകാത്തതിനാൽ കോടതി വാറണ്ട് പുറപ്പെടുവിച്ചു.