ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍, ഉപഭോക്താക്കൾക്ക് പ്രത്യേക ‘സ്വീറ്റ് 16’ ആനിവേഴ്‌സറി സെയില്‍ ആരംഭിച്ചു. വിമാനസര്‍വീസ് 16 വർഷം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഓഫർ. ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് 1616 രൂപ മുതൽ ആരംഭിക്കും.

2022 ഓഗസ്റ്റ് 18 നും 2023 ജൂലൈ 16 നും ഇടയിലുള്ള ആഭ്യന്തര യാത്രകൾക്ക് ഈ ഇളവ് ബാധകമാണ്. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും ഈ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 3 മുതൽ 5 വരെയാണ് ടിക്കറ്റ് വിൽപ്പന. ഓഫറിലൂടെ മൊത്തം സീറ്റുകളുടെ ഒരു ചെറിയ ശതമാനം മാത്രമാണ് കമ്പനി റിസർവ് ചെയ്തിരിക്കുന്നത്.

യാത്ര ചെയ്യാൻ തയ്യാറെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർക്ക് അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ കഴിയുമെന്നും നിരക്ക് 1,616 രൂപ മുതൽ ആരംഭിക്കുമെന്നും ഇൻഡിഗോ ചീഫ് സ്ട്രാറ്റജി ആൻഡ് റവന്യൂ ഓഫീസർ സഞ്ജയ് കുമാർ വാർത്താക്കുറിപ്പിൽ പറഞ്ഞു.