നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു

തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപം തെളിച്ചു. രാത്രി 10-ന് ഹരിവരാസനം പാടി നട അടയ്ക്കും. നിറപുത്തരി പൂജകൾക്കായി നാളെ പുലർച്ചെ നാലിന് നട തുറക്കും. രാവിലെ 5.40 നും വൈകിട്ട് 6 നും ഇടയിലായിരിക്കും ചടങ്ങ്. തുടർന്ന് ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ പ്രസാദമായി തന്ത്രി ഭക്തർക്ക് സമർപ്പിക്കും.

നാളെ നെയ്യഭിഷേകം, കലശാഭിഷേകം, കലഭാഭിഷേകം എന്നിവയും ഉണ്ടാകും. രാത്രി 10-ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി ഓഗസ്റ്റ് 16ന് വൈകുന്നേരം നട തുറക്കും. 21-ന് രാത്രി ഹരിവരാസനം സങ്കീർത്തന പാരായണത്തോടെ ശ്രീകോവിൽ നട അടയ്ക്കും. ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.അനന്തഗോപൻ, നടൻ ജയറാം, ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ്, ചീഫ് എൻജിനീയർ അജിത് കുമാർ, വിജിലൻസ് എസ്.പി സുബ്രഹ്മണ്യം, തിരുവനന്തപുരം കമ്മിഷണർ ബൈജു എന്നിവർ നട തുറന്നപ്പോൾ ദർശനത്തിനായി എത്തിയിരുന്നു.