തിരുവനന്തപുരം: സംസ്ഥാനത്തെ 33 തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 33 തടവുകാരെ മോചിപ്പിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രിസൺ വെൽഫെയർ കമ്മിറ്റിയുടെയും മറ്റ് സർക്കാർ കമ്മിറ്റികളുടെയും ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ 33 പേരെ തിരഞ്ഞെടുത്തത്. പട്ടിക ഉടൻ ഗവർണർക്ക് കൈമാറും. വിടുതൽ പട്ടികയിൽ ഗവർണർ ഒപ്പിട്ട ശേഷം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും. നേരത്തെ മണിച്ചൻ ഉൾപ്പെടെയുള്ള തടവുകാരെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. എന്നാൽ ഇത്തവണ ആരുടെ പേരുകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.