ആലപ്പുഴ: കളക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉത്തരവിൽ തന്നെ ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ കുട്ടികൾക്ക് നാളെ അവധി അനുവദിച്ചിരിക്കുകയാണ്. കുട്ടികൾക്കായി ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പ് വായിക്കാം

“പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്കു വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നു കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ത്തന്നെ ഇരിക്കണം. അച്ഛനമ്മമാർ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്നു കരുതി പുറത്തേക്കു ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്നു കരുതി മടി പിടിച്ച് ഇരിക്കാതെ പാഠഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ… സ്നേഹത്തോടെ”- കളക്ടർ കുറിച്ചു.