ന്യൂഡൽഹി: 1.29 കോടി വോട്ടർമാരാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ‘നോട്ട’ ഉപയോഗിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും നാഷണൽ ഇലക്ഷൻ വാച്ചും (ന്യൂ) ആണ് ഇക്കാര്യം അറിയിച്ചത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ലഭിച്ച നോട്ട വോട്ടുകൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ശരാശരി 64,53,652 നോട്ട വോട്ടുകൾ രേഖപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലാണ് നോട്ടയ്ക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്. ബിഹാറിലെ ​ഗോപാൽ​ഗഞ്ച് മണ്ഡലത്തിൽ നിന്ന് മാത്രം നോട്ടയ്ക്ക് കുത്തിയത് 51,660 പേരാണ്. ഏറ്റവും കുറവ് വോട്ട് ലക്ഷദ്വീപിൽ നിന്നാണ്. നൂറിലധികം വോട്ടർമാർ മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാതെ നോട്ട തിരഞ്ഞെടുത്തു.

2020 ലെ ബിഹാർ, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 1.46 ശതമാനം (7,49,360) ആളുകൾ നോട്ട ഉപയോഗിച്ചു. ഇതിൽ 7,06,252 വോട്ടുകൾ ബീഹാറിൽ പോൾ ചെയ്തപ്പോൾ 43,108 വോട്ടുകൾ മാത്രമാണ് ഡൽഹിയിൽ പോൾ ചെയ്തത്. അഞ്ച് സംസ്ഥാനങ്ങളിലെ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, 0.70 ശതമാനം പേർ നോട്ട (8,15,430 വോട്ടുകൾ) ഉപയോഗിച്ചു. ഗോവയിൽ 10,629, മണിപ്പൂരിൽ 10,349, പഞ്ചാബിൽ 1,10,308, ഉത്തർപ്രദേശിൽ 6,37,304, ഉത്തരാഖണ്ഡിൽ 46,840 എന്നിങ്ങനെയാണ് വോട്ടുകൾ.