കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേന. ചൈനയുടെ ചാരക്കപ്പലായ യുവാൻ വാങ്-5 ശ്രീലങ്കയിലെത്തുമെന്ന സ്ഥിരീകരണത്തെ തുടർന്നാണ് നടപടി. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ചയാണ് കപ്പൽ ഹമ്പൻടോട്ട തുറമുഖ യാർഡിൽ എത്തുന്നത്. കപ്പൽ 7 ദിവസം അവിടെയുണ്ടാകും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ സംഭരിക്കാനും വിശകലനം ചെയ്യാനും കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാൻ വാങ്-5.

യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനമാണ് ചൈനയെ പ്രകോപിപ്പിച്ചത്. സന്ദർശനത്തിനിടെ ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. തീക്കൊള്ളി ഉപയോഗിച്ച് തല ചൊറിയരുതെന്ന് ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രകോപനം തുടർന്നാൽ തിരിച്ചടിക്കുമെന്ന് ചൈന അറിയിച്ചു. നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ പ്രഹസനമെന്നാണ് ചൈന വിശേഷിപ്പിച്ചത്.

നാൻസി പെലോസിയുടെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ തായ്‌വാനെതിരെ ചൈന സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. തായ്‌വാൻ അതിർത്തിയിൽ ഇന്ന് മുതൽ സൈനികാഭ്യാസം നടത്തുമെന്ന് ചൈന അറിയിച്ചു. ഇത് ഞായറാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് ചൈന പറയുന്നത്. സൈനികാഭ്യാസങ്ങളുടെയും സാമ്പത്തിക ഉപരോധങ്ങളുടെയും പശ്ചാത്തലത്തിൽ ബദൽ വ്യോമപാതയ്ക്കായി ജപ്പാനുമായും ഫിലിപ്പീൻസുമായും നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കാനുള്ള ശ്രമങ്ങളും തായ്‌വാൻ ആരംഭിച്ചിട്ടുണ്ട്.