എറണാകുളം: എറണാകുളം കളക്ടർ രേണു രാജിനെതിരെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹർജി നൽകി. എറണാകുളം സ്വദേശി അഡ്വ. എം.ആർ. ധനിൽ എന്നയാളാണ് ഹർജി നൽകിയത്. അവധി പ്രഖ്യാപിക്കുന്നതിന് മാർഗനിർദേശങ്ങൾ നൽകണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. അവധി പ്രഖ്യാപനത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ഹർജിക്കാരൻ പറയുന്നത്.

വിഷയത്തിൽ കളക്ടർ രേണു രാജിനോട് റിപ്പോർട്ട് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ആരംഭിച്ച കനത്ത മഴ രാവിലെയും തുടർന്നിട്ടും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നില്ല. രാവിലെ 8.25ന് അവധി പ്രഖ്യാപിച്ചതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കുടുങ്ങി.

പല സ്കൂളുകളിലും കുട്ടികൾക്കുള്ള പ്രഭാതഭക്ഷണം തയ്യാറാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. അതേസമയം, അവധി പ്രഖ്യാപനം വൈകിയെന്ന പരാതി അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും മന്ത്രി പറഞ്ഞു.