മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഇരുവിഭാഗങ്ങളിലെയും ശിവസേന എംഎൽഎമാരുടെ അയോഗ്യത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയുണ്ടെങ്കിലും ഷിൻഡെ വിഭാഗത്തിന് യഥാർത്ഥ ശിവസേനയാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് താക്കറെ വിഭാഗം കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ മറ്റൊരു പാർട്ടി രൂപീകരിക്കുകയോ ചെയ്യാമെന്നാണ് താക്കറെ പക്ഷത്തിന്റെ വാദം.

അതേസമയം, കൂറുമാറ്റ നിരോധന നിയമം പാർട്ടി വിട്ടാൽ മാത്രമേ ബാധകമാകൂവെന്നും തങ്ങൾ പാർട്ടിക്കുള്ളിലാണെന്നും ഷിൻഡെ വിഭാഗം വാദിച്ചു. ശിവസേന പിളർപ്പുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.