പാറക്കടവ്: പോക്കറ്റടിച്ച പഴ്സിൽ നിന്ന് പണം മാത്രം എടുത്ത് രേഖകൾ തിരികെ നൽകി സത്യസന്ധനായ മോഷ്ടാവ്. രേഖകൾ അടങ്ങിയ പഴ്സ് തിരികെ ലഭിച്ച ഉടമ നന്ദിയും അറിയിച്ചു. ചെക്യാട് പാറക്കടവ് സ്വദേശിയും ഡി.സി.സി ജനറൽ സെക്രട്ടറിയും കൂടിയായ മോഹനൻ പാറക്കടവ് ആണ് സോഷ്യൽ മീഡിയയിലൂടെ പഴ്സ് തിരികെ നൽകിയ കള്ളന് നന്ദി അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

കോഴിക്കോട് ബസ് സ്റ്റാൻഡിന് സമീപം ചിന്തൻശിബിരം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് പഴ്സ് കാണാതായത്. വിവിധ രേഖകളും എടിഎം കാർഡും 700 രൂപയും പേഴ്സിൽ ഉണ്ടായിരുന്നു. രാത്രി സുഹൃത്തിൽ നിന്ന് പണം വാങ്ങി വീട്ടിലേക്ക് മടങ്ങി. കോഴിക്കോട് പോസ്റ്റ് ഓഫീസിൽ നിന്ന് കോൾ വന്നപ്പോൾ പുതിയ എ.ടി.എം കാർഡിന് അപേക്ഷിക്കാൻ തയ്യാറെടുക്കുകയായിരുന്നു. നഷ്ടപ്പെട്ട പഴ്സ് ലഭിച്ചതായി പോസ്റ്റ് ഓഫീസിൽ നിന്ന് അറിയിച്ചെങ്കിലും പണമില്ല. കാർഡുകൾ അതിൽ ഉണ്ടോ എന്നാണ് മോഹനൻ ആദ്യം ചോദിച്ചത്.

മോഹനന്‍റേതടക്കം 4 പേഴ്സ് പോക്കറ്റടിച്ച കള്ളൻ പണം എടുത്ത ശേഷം പേഴ്സുകൾ പോസ്റ്റൽ ബോക്സിൽ നിക്ഷേപിച്ചു. തപാൽ വകുപ്പിലെ ഒരു സുഹൃത്തിന്‍റെ സഹായത്തോടെ പഴ്സ് നാട്ടിലെ പോസ്റ്റ് ഓഫീസിൽ എത്തി.