മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് പ്രത്യേക സ്നേഹോപദേശവുമായി ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ വീണ്ടും രംഗത്ത്. കളക്ടറായി ചുമതലയേറ്റതിന് ശേഷം കഴിഞ്ഞ ദിവസം അദ്ദേഹം ഫെയ്സ്ബുക്കിൽ കുട്ടികൾക്ക് നൽകിയ സന്ദേശവും വൈറലായിരുന്നു. നാളെയും സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ഓർമിപ്പിച്ച കളക്ടർ കഴിഞ്ഞ ദിവസം താൻ പറഞ്ഞ കാര്യങ്ങൾ വിസ്മരിക്കരുതെന്നും പറഞ്ഞു.

“മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ, അവരുടെ ബാഗുകളിൽ കുടകളും റെയിൻ കോട്ടുകളും ഉണ്ടെന്ന് ഉറപ്പാക്കുക, പോകുന്നതിനുമുമ്പ് അവരെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുക,” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് വി.ആർ കൃഷ്ണ തേജയെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത്. ഇന്നലെ, ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക, അവധിക്കാലമാണെന്ന് കരുതി മടികൂടാതെ പാഠങ്ങൾ മറിച്ചു നോക്കുക തുടങ്ങിയ സ്നേഹോപദേശങ്ങൾ അദ്ദേഹം കുട്ടികൾക്ക് നൽകി.