ന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്‍റെ ആസ്ഥാനത്ത് ഇഡി നടത്തിയ റെയ്ഡിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്നലെ രാവിലെ പാർലമെന്‍റിൽ നടന്ന യോഗത്തിൽ പാർട്ടി എംപിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ ഗാന്ധി. “നാഷണൽ ഹെറാൾഡിന്‍റെ പാരമ്പര്യം നിങ്ങൾക്കറിയില്ലേ? ജവഹർലാൽ നെഹ്റു സ്ഥാപിച്ച പത്രമായിരുന്നു അത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പത്രത്തിന്‍റെ ആസ്ഥാനത്താണ് ഇഡി സംഘം എത്തിയത്. ബ്രിട്ടീഷുകാർ പോലും ചെയ്യാത്ത കാര്യമാണിത്. പാർലമെന്‍റിൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കണം,” അവർ പറഞ്ഞു. നാഷണൽ ഹെറാൾഡിന്‍റെ ആസ്ഥാനം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച സീൽ ചെയ്തു. തൊട്ടുപിന്നാലെ പാർട്ടി ആസ്ഥാനത്തിന് മുന്നിലും സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വീടുകൾ സ്ഥിതി ചെയ്യുന്ന റോഡുകളിലും പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. നേതാക്കളും പ്രവർത്തകരും ആസ്ഥാനത്തേക്ക് ഓടിയെത്തി. രണ്ടര മണിക്കൂറിന് ശേഷം രാത്രി ഏഴരയോടെയാണ് ബാരിക്കേഡുകൾ നീക്കിയത്. കോൺഗ്രസിനെ നിശബ്ദരാക്കാൻ കഴിയില്ലെന്നും കേന്ദ്രത്തിന്‍റെ നീക്കം വിനാശകാലത്തെ വിപരീത ബുദ്ധിയാണെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. പൊതുപണം കൊള്ളയടിക്കുന്നവർ നടപടി നേരിടേണ്ടി വരുമെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.