ഡൽഹി: രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. രാജ്യത്തിന്‍റെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലഷ്കർ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവയുൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ ആക്രമണ ഭീഷണിയുണ്ടെന്ന് ഐബി ഡൽഹി പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. പ്രധാന ആഘോഷങ്ങൾ നടക്കുന്ന ചെങ്കോട്ടയുടെ സുരക്ഷ ശക്തമാക്കണം. ചടങ്ങിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.

ഈ വർഷം ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്ര സർക്കാരിൻ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. സ്വാതന്ത്ര്യദിനത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് തീരുമാനം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.