ന്യൂ ഡൽഹി: രാജ്യവ്യാപകമായി കോൺഗ്രസ് ആഹ്വാനം ചെയ്ത പ്രതിഷേധത്തെ തുടർന്ന് രാഹുൽ ഗാന്ധിയെയും മറ്റ് എംപിമാരെയും കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങളുടെ ശബ്ദം അടിച്ചമർത്താൻ കഴിയില്ലെന്നും പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ നിശബ്ദമാക്കാൻ കഴിയുമെന്ന് കരുതരുത്. ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനും കഴിയില്ല. ജനനേതാക്കളെ ക്രൂരമായി തെരുവിലൂടെ വലിച്ചിഴച്ചാൽ പ്രതിപക്ഷത്തെ തുടച്ചുനീക്കാനാവില്ല. നിശബ്ദമാക്കാൻ കഴിയുമെന്ന് കരുതുന്നുവെങ്കിൽ തെറ്റി.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെയുള്ള ശബ്ദം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടിയാണ്. ഞങ്ങൾ ഫാസിസത്തെ നശിപ്പിക്കുകയും ജനാധിപത്യത്തിന്‍റെ യഥാർത്ഥ ശക്തി തിരികെ കൊണ്ടുവരികയും ചെയ്യുമെന്ന് സതീശൻ പറഞ്ഞു.