സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകളിലേക്കുള്ള പ്രവേശനം തുടരുകയാണ്. ഇന്നലെ രാത്രി പ്രസിദ്ധീകരിച്ച അലോട്ട്മെന്‍റ് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്‍റിൽ പരിഗണിക്കില്ല.

ഒന്നാം വർഷ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അലോട്ട്മെന്‍റ് ലിസ്റ്റ് ഇന്നലെ രാത്രി തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ 10 മണി മുതൽ വിദ്യാർത്ഥികൾ പ്രവേശനത്തിനായി സ്കൂളുകളിൽ എത്തി. സ്കൂളുകളിൽ പ്രവേശനത്തിനായി എൻഎസ്എസ് ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ ഹെൽപ്പ് ഡെസ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. അലോട്ട്മെന്‍റും രേഖകളും പരിശോധിച്ച പരിശോധിച്ചശേഷമാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുക. എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നോട്ടീസ് ബോർഡിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്.

ആദ്യ അലോട്ട്മെന്‍റിൽ ആദ്യ ഓപ്ഷൻ ലഭിച്ചവർ ഫീസ് അടച്ച് അഡ്മിഷൻ നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്‍റ് ലഭിക്കുന്നവർക്ക് അവരുടെ ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനം ആഗ്രഹിക്കുന്നവർ ഫീസ് നൽകേണ്ടതില്ല. താൽക്കാലിക പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ആവശ്യമെങ്കിൽ ഹയർ ഓപ്ഷൻ റദ്ദാക്കാനുള്ള അവസരമുണ്ട്. അലോട്ട്മെന്‍റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്നവരെ തുടർന്നുള്ള അലോട്ട്മെന്‍റിൽ പരിഗണിക്കില്ല. ഇനിയും അപേക്ഷിക്കാത്തവർക്ക് മൂന്നാം അലോട്ട്മെന്റിന് ശേഷം സപ്ലിമെന്‍ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷ സമര്‍പ്പിക്കാം. ആദ്യ അലോട്ട്മെന്‍റ് പ്രകാരം ഓഗസ്റ്റ് 10നകം പ്രവേശനം നേടണം.