കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ മുന്നറിയിപ്പിന്‍റെ ഭാഗമായി ചില ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയാണ് ആദ്യം അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ടയിലും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചത്

അതേസമയം വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകൾ തുറന്നു. 30 സെന്‍റിമീറ്റർ വീതമാണ് തുറന്നത്. 1068 ഘനയടി വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. 1000 ക്യുസെക്സിന് മുകളിൽ പോയാൽ കേരളവുമായി ചർച്ച നടത്തിയ ശേഷം മാത്രമേ തുറക്കൂവെന്ന് തമിഴ്നാട് ഉറപ്പ് നൽകിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് ഇന്നലെ രാത്രി 136 അടി കടന്നതിനെ തുടർന്ന് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. അധിക ജലം കൊണ്ടുപോകാൻ തമിഴ്നാടിന് കഴിയാത്ത സ്ഥിതിയാണ്. വൈഗ ഡാം നിറഞ്ഞതിനാൽ തുറന്നുവിട്ടിരിക്കുകയാണ്..