യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. വൈക്കം സ്വദേശി ജിഷ്ണു രാജിന്റെ ലൈസൻസാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഒൻപതു ദിവസത്തേയ്ക്കു റദ്ദാക്കിയത്. വൈക്കം-ഇടക്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ യാത്രക്കാരിയുടെ പരാതിയിലാണ് നടപടി.

ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന യുവതി, ഇറങ്ങേണ്ട സ്റ്റോപ്പ്‌ എത്തുന്നതിനു മുൻപു തന്നെ ഇക്കാര്യം ഡ്രൈവറോട് പറഞ്ഞിരുന്നു. വാഹനം നിർത്താമെന്നു മറുപടി നൽകിയ ഡ്രൈവർ യാത്രക്കാരി ഇറങ്ങുന്നതിനിടെ വാഹനം മുൻപോട്ട് എടുക്കുകയായിരുന്നു.

അടുത്ത ദിവസം ഈ വിവരം ചോദ്യം ചെയ്ത യാത്രക്കാരിയെ ഡ്രൈവർ അസഭ്യം പറഞ്ഞതിനെ തുടർന്നാണു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു പരാതി നൽകിയത്. അന്വേഷണം നടത്തിയ മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ജി. അനന്തകൃഷ്ണനു യുവതിയുടെ പരാതി ന്യായമാണെന്നു വ്യക്തമായി. തുടർന്നാണ് ഡ്രൈവർ ജിഷ്ണു രാജിന്റെ ലൈസൻസ് റദ്ദാക്കിയത്.