തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ പ്രദേശ് തീരത്തിനു മുകളില്‍ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. കൂടാതെ, മധ്യ കർണാടകയ്ക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി കൂടി ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഓഗസ്റ്റ് ഏഴോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിന്‍റെ സ്വാധീനത്താൽ,
ഓഗസ്റ്റ് 5 മുതൽ 9 വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 3.0 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.