തിരുവനന്തപുരം: ഡീസൽ വാങ്ങാൻ പണമില്ലാത്തതിനാൽ ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു. ഓർഡിനറി സർവീസുകൾക്കാണ് നിയന്ത്രണം. ഇത് പ്രകാരം വെള്ളിയാഴ്ച 50 ശതമാനം സർവീസുകളും ശനിയാഴ്ച 25 ശതമാനം സർവീസുകളും മാത്രമായിരിക്കും നടത്തുക. ഞായറാഴ്ച സർവീസ് പൂർണമായും റദ്ദാക്കും. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകൾക്ക് കൈമാറിയത്. വിശദമായ ഉത്തരവ് പിന്നീട് വരും.

നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഡീസലിന്‍റെ ലഭ്യതക്കുറവ്, മോശം കാലാവസ്ഥ എന്നിവയുടെ ഭാഗമായി വരുമാനമില്ലാതെ സർവീസുകൾ നടത്തുന്ന സാഹചര്യം ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപ്പർ ക്ലാസ് സർവീസുകൾ വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം കഴിയുന്നത്ര കൃത്യതയോടെ പ്രവർത്തിപ്പിക്കുകയും എല്ലാ ദീർഘദൂര സർവീസുകളും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പ്രവർത്തിപ്പിക്കുകയും തിരക്കുള്ളപ്പോൾ തിങ്കളാഴ്ച മിക്കവാറും പൂർണ്ണമായും ഓപ്പറേറ്റ് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.