ചങ്ങരംകുളം: കുട നന്നാക്കുന്നതിൽ 100 വർഷം പിന്നിട്ട് ചങ്ങരംകുളത്തെ കട. മഴക്കാലമാകുമ്പോൾ കടയിലെ മാമാണി കുഞ്ഞിപ്പാക്ക് തിരക്കാണ്. 50 വർഷത്തിലേറെയായി ഉപ്പ നടത്തിവന്നിരുന്ന കടയിൽ കുഞ്ഞിമരയ്ക്കാർ എന്ന കുഞ്ഞിപ്പ ചേർന്നത് പതിമൂന്നാം വയസ്സിലാണ്. ഇപ്പോൾ അദ്ദേഹത്തിന് 68 വയസ്സായി. അച്ഛന്‍റെ മരണശേഷം കടയുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. അതോടെ കുഞ്ഞിപ്പ നാട്ടുകാർക്ക് മാമാണി കുഞ്ഞിപ്പയായി. മഴ ശക്തമായതോടെ അറ്റകുറ്റപ്പണികൾക്കായി ദിവസേന 70 കുടകളെങ്കിലും ഇവിടെ എത്തുന്നുണ്ട്.

കോൾ പ്രദേശത്ത് പുഞ്ചക്കൃഷി ആരംഭിച്ചാൽ കീടനാശിനി തളിക്കുന്ന മരുന്നുകുറ്റി നന്നാക്കലാണ് പ്രധാന ജോലി. ടോർച്ച്, ഗ്യാസ് സ്റ്റൗ, മണ്ണെണ്ണ സ്റ്റൗ, ഫ്ലാസ്ക് എന്നിവ നന്നാക്കുന്നതിനും പ്രദേശത്തുളളവർക്ക് കുഞ്ഞിപ്പ സഹായമാണ്. ആലങ്കോട് സ്വന്തം വീട് നിൽക്കുന്ന പ്രദേശത്തെ മാമാണിപ്പടി എന്ന പേരിലാണ് അറിയപ്പെടുന്നത്.