നാളെ ചേരാനിരുന്ന കെപിസിസി സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടീവ് യോഗവും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുള്ള നേതാക്കളുടെ യോഗവും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഓഗസ്റ്റ് 11ലേക്ക് മാറ്റിയതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. ഓഗസ്റ്റ് 9 മുതൽ ആരംഭിക്കേണ്ടിയിരുന്ന ഡി.സി.സി പ്രസിഡന്‍റുമാരുടെ പദയാത്രകളും ഇതേ കാരണത്താൽ ഈ മാസം 13, 14, 15 തീയതികളിലേക്ക് മാറ്റിവെച്ചു.

കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്രയുടെ കേരളത്തിലെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പിയുടെ അധ്യക്ഷതയിൽ നേതൃയോഗം ചേരുമെന്ന് ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ എന്നിവർ പങ്കെടുക്കുന്ന യോഗത്തില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും പങ്കെടുക്കും.