ലഖ്‌നൗ: പീഡനത്തിനിരയായെന്ന് പരാതിപ്പെട്ട യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തതിനെ തുടർന്ന് ശ്രദ്ധേയമായ കേസിലെ
പ്രതിയായ ബി.എസ്.പി എം.പിയെ കോടതി വെറുതെ വിട്ടു. 2019 മുതൽ ജയിലിൽ കഴിയുന്ന അതുൽ റായ് എംപിയെ വാരണാസി കോടതി കുറ്റവിമുക്തനാക്കി. എന്നാൽ, ഇയാൾക്കെതിരെ മറ്റൊരു കേസ് നിലനിൽക്കുന്നതിനാൽ ജയിൽ മോചിതനായിട്ടില്ല.

2019 ൽ 24 കാരിയായ യുവതിയുടെ പരാതിയിൽ റായിക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2018 ൽ വാരണാസിയിലെ വീട്ടിൽ വച്ച് റായ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഇതേതുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേ വർഷം തന്നെ അതുൽ റായ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അദ്ദേഹം കീഴടങ്ങി.

തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നും ഇതിന് അനുമതി നൽകണമെന്നും കാണിച്ച് അതുലിന്‍റെ അഭിഭാഷകൻ പിന്നീട് കോടതിയെ സമീപിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന് രണ്ട് ദിവസത്തെ പരോൾ അനുവദിക്കുകയും തുടർന്ന് 2020 ൽ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.