ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ അപകടത്തിൽപ്പെട്ടാൽ സഹയാത്രികരുടെ പേരിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യാപ്രേരണയ്ക്ക് നിയമനടപടി സ്വീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. മദ്യപിച്ചില്ലെന്നതോ വാഹനം ഓടിച്ചില്ലെന്നതോ നടപടിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു കാരണമായി കണക്കാക്കാൻ കഴിയില്ല.

മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്നത് അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയായും പ്രോത്സാഹനമായും വ്യാഖ്യാനിക്കാമെന്ന് ജസ്റ്റിസ് ഭരത ചക്രവർത്തി വിധിന്യായത്തില്‍ പറഞ്ഞു.

അർദ്ധരാത്രിയിൽ മദ്യലഹരിയിൽ വാഹനമിടിച്ച് മൂന്ന് കാൽനടയാത്രക്കാർ മരിച്ച കേസിൽ നിന്ന് ഒഴിവാക്കണമെന്ന സഹയാത്രികയായ ഡോക്ടറുടെ ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. 2013ൽ മറീനയ്ക്ക് സമീപമുള്ള ബീച്ച് റോഡിലായിരുന്നു അപകടം.