കോഴിക്കോട്: എം കെ മുനീർ എംഎൽഎയുടെ ആരോഗ്യനിലയെ പരിഹസിച്ച് നടത്തിയ പ്രസംഗത്തിന്‍റെ പേരിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്. പ്രസംഗത്തിനെതിരെ പൊലീസിൽ പരാതി നൽകാനാണ് മുസ്ലിം ലീഗിന്‍റെ തീരുമാനം. പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും മുസ്ലിം ലീഗ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ യൂത്ത് ലീഗും കഴിഞ്ഞ ദിവസം കൊടുവള്ളിയിൽ പ്രതിഷേധിച്ചിരുന്നു.

ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് സെക്രട്ടറിയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗവുമായ ടി മഹ്റൂഫിന്‍റെ പ്രസംഗമാണ് വിവാദമായത്. കോഴിക്കോട് എം.എസ്.എഫ് സംസ്ഥാന ക്യാമ്പിൽ കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ എം.കെ മുനീർ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് കൊടുവള്ളി എം.എൽ.എ ഓഫീസിന് മുന്നിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പ്രകടനത്തിലായിരുന്നു ടി മഹ്റൂഫിന്‍റെ വിവാദ പ്രസംഗം.

മതം, കമ്യൂണിസം, നാസ്തികത എന്നീ വിഷയങ്ങളിൽ കമ്യൂണിസ്റ്റ് ആചാര്യന്‍മാര്‍ക്കെതിരെയും സർക്കാരിന്റെ ലിംഗസമത്വനയത്തിനെതിരെയും എംഎസ്എഫ് സംസ്ഥാന ക്യാമ്പിൽ മുനീർ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.