കൊച്ചി: ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ ഹൈക്കോടതി നിർദേശം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) കേരള റീജിയണൽ ഓഫീസർക്കും പാലക്കാട് പ്രോജക്ട് ഡയറക്ടർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ ബൈക്ക് യാത്രികൻ വീണ് മരിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

റോഡിലെ കുഴികളുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറിയെ ഹൈക്കോടതി നേരത്തെ നിയമിച്ചിരുന്നു. നെടുമ്പാശേരിയിലെ വാർത്തയറിഞ്ഞ അമിക്കസ് ക്യൂറിയാണ് ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതേതുടർന്ന് ദേശീയപാതയിലെ കുഴികൾ ഉടൻ അടയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട ഹർജികൾ കോടതി തിങ്കളാഴ്ച പരിഗണിക്കും.

മാഞ്ഞാലി മണക്കപ്പടി സ്വദേശി ഹാഷിം (52) ആണ് മരിച്ചത്. ദേശീയപാതയിൽ നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹൈസ്കൂളിന് മുന്നിലെ വലിയ കുഴിയിൽ വീണാണ് അപകടമുണ്ടായത്. ദേശീയപാതയിലെ കുഴികൾ അടയ്ക്കാത്ത കരാറുകാർക്കെതിരെയും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെയും ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു. കുഴികൾ ഇല്ലാതാക്കാൻ സംസ്ഥാനത്തെ കേന്ദ്രമന്ത്രിമാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.