പത്തനംതിട്ട: സി.പി.ഐ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും എതിരെ കടുത്ത വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിലാണ് വിമർശനങ്ങൾ. ധാർഷ്ട്യത്തിലൂടെയാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്. സർക്കാരിന് തിരിച്ചടി നേരിട്ടു. കെ റെയിൽ പ്രശ്നം ശബരിമല പോലെ സങ്കീർണ്ണമാക്കി.

സി.പി.എം എംപ്ലോയ്‌മെന്റ് സംവിധാനത്തെ നോക്കുകുത്തിയാക്കി മാറ്റി. കുടുംബശ്രീയിൽ പോലും പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു. ഏറ്റവും കൂടുതൽ പ്രതിഷേധം നടത്തിയിട്ടുളള മുഖ്യമന്ത്രി കറുത്ത മാസ്കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ല.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന വിവാദങ്ങൾ മുന്നണിയുടെ മുഖച്ഛായ തകർക്കുകയാണ്. പലയിടത്തും ഘടകകക്ഷിയെന്ന പരിഗണന പോലും സി.പി.ഐക്ക് നൽകിയില്ലെന്നും സമ്മേളനത്തിൽ ആരോപിച്ചു.