കോട്ടയം: ഇടതുമുന്നണിയിൽ കേരള കോൺഗ്രസിനെ പങ്കാളിയാക്കിയതിന്റെ ഗുണം സംസ്ഥാനത്തുടനീളം കൈവരിക്കാനായില്ലെന്ന് സി.പി.ഐ. ജില്ലാ സമ്മേളനത്തിന്‍റെ റിപ്പോർട്ടിലാണ് വിമർശനം. കോട്ടയം ജില്ലയിൽ മാത്രമാണ് കേരള കോൺഗ്രസ് എമ്മിന് മുന്നണിയുടെ ഭാഗമാകാൻ കഴിഞ്ഞത്. എന്നാൽ, ജില്ലയിൽ ദീർഘകാലമായി പ്രതിപക്ഷത്ത് ഒതുങ്ങിയിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണത്തിലെത്താന്‍ കേരളകോണ്‍ഗ്രസിന്റെ വരവ് പ്രയോജനം ചെയ്തുവെന്ന നല്ല വാക്കും ഉണ്ട്.

13 സീറ്റ് അനുവദിച്ചെങ്കിലും പേരാമ്പ്ര സി.പി.എമ്മിന് വിട്ടുകൊടുത്ത് 12 സീറ്റുകളിലാണ് കേരള കോൺഗ്രസ് മത്സരിച്ചത്. ഇതിൽ അഞ്ച് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. ഇത് അവരുടെ ജനസ്വാധീനമെത്ര എന്ന സൂചനയാണ്. പാലായിലെ ജോസ് കെ മാണിയുടെ തോൽവിയുടെ ഉത്തരവാദിത്തം മറ്റാരുടെയും തലയിൽ കെട്ടിവയ്ക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു. ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം പാലായിലെ ജനങ്ങൾ അംഗീകരിച്ചിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

പാലാ, കടുത്തുരുത്തി, പൂഞ്ഞാർ മണ്ഡലങ്ങളിൽ സി.പി.എം. പ്രാദേശിക നേതൃത്വം കേരള കോൺഗ്രസുമായി അടുപ്പം കാണിക്കുന്നു. സി.പി.ഐയെ ഒഴിവാക്കിയുള്ള ഈ സമീപനം സി.പി.എം ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ അറിഞ്ഞാണെന്ന് സി.പി.ഐ കരുതുന്നില്ല. പൂഞ്ഞാർ, തീക്കോയി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സി.പി.ഐ. ഒറ്റയ്ക്ക് മത്സരിക്കുന്ന സാഹചര്യമുണ്ടായി. സി.പി.എം-കേരള കോൺഗ്രസ് (എം) സൗഹൃദ സമീപനത്തിന്‍റെ തെളിവാണിത്. സംഘടനാപരമായ ശേഷിയെ വിമർശിക്കുന്നവരെ ശ്രദ്ധിക്കേണ്ട ആവശ്യമില്ല. ജില്ലയില്‍ ഏറ്റവുംവലിയ ഭൂരിപക്ഷം സി.പി.ഐ. മത്സരിച്ച വൈക്കത്തായിരുന്നുവെന്നത് പാര്‍ട്ടിയുടെ ശക്തിതെളിയിക്കുന്നു. ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കാൻ മിനക്കെടാതെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് സമ്മേളന റിപ്പോർട്ട് ആവശ്യപ്പെടുന്നു.