ന്യൂഡൽഹി: വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻകർ 528 വോട്ടുകൾ നേടി വിജയിച്ചു. പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടുകളാണ് ലഭിച്ചത്. 780 വോട്ടുകളാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ 725 വോട്ടുകൾ പോൾ ചെയ്തപ്പോൾ ജഗ്ദീപ് 528 വോട്ടുകൾ നേടി ഒന്നാം സ്ഥാനത്തെത്തി. 15 വോട്ടുകൾ അസാധുവായി. വൈഎസ്ആർ കോൺഗ്രസ്, ശിവസേനയിലെ ഏക്നാഥ് ഷിൻഡെ വിഭാഗം, ബിഎസ്പി തുടങ്ങിയ എൻഡിഎയ്ക്ക് പുറത്തുള്ള വോട്ടുകൾ ഏകീകരിക്കാൻ ധൻകറിന് കഴിഞ്ഞു. ടിആർഎസ്, ആം ആദ്മി പാർട്ടി, ജെഎംഎം, ശിവസേനയിൽ നിന്നുള്ള 9 എംപിമാർ എന്നിവരാണ് മാർഗരറ്റ് ആൽവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് മണി വരെ തുടർന്നു.