തിരുവനന്തപുരം: ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്‍റെ ഭാഗമായി തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് സംസ്ഥാനതല ഓൺലൈൻ ദേശഭക്തിഗാനമത്സരം സംഘടിപ്പിക്കുന്നു. എൻട്രികൾ വകുപ്പിന്‍റെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യും. ഫേസ്ബുക്കിൽ ഏറ്റവും ജനപ്രീതി / പിന്തുണ ലഭിക്കുന്ന ടീമിന് സമ്മാനങ്ങൾ നൽകും.

ഒരു സ്ഥാപനത്തിൽ നിന്ന് ഒന്നിലധികം ടീമുകൾക്ക് പങ്കെടുക്കാം. എന്നാൽ ഒരു വ്യക്തി ഒന്നിൽ കൂടുതൽ ടീമുകളിൽ പങ്കെടുക്കാൻ പാടില്ല. സ്ഥാപനത്തിന്‍റെ പേര്, രജിസ്ട്രേഷൻ നമ്പർ, ഫോൺ നമ്പർ, ടീം അംഗങ്ങളുടെ പേര് വിശദാംശങ്ങൾ എന്നിവ അടങ്ങിയ സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റ് സഹിതം എൻട്രികൾ വാട്ട്സ്ആപ്പ് വഴി സമർപ്പിക്കണം.

ഹിന്ദിയിലോ മലയാളത്തിലോ ഉളള ദേശഭക്തിഗാനങ്ങളാണ് അയയ്ക്കേണ്ടത്. ദേശസ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി, മലയാളം ചലച്ചിത്രഗാനങ്ങളും പാടാം. ഇത്തരത്തിൽ ലഭിക്കുന്ന എൻട്രികൾ ഓഗസ്റ്റ് 8 മുതൽ ലേബർ കമ്മീഷണറുടെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യും.