മണിപ്പൂർ: സംസ്ഥാന ജനസംഖ്യാ കമ്മീഷൻ രൂപീകരിക്കാനും ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കാനുമുള്ള പ്രമേയങ്ങൾ മണിപ്പൂർ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്‍റെ അവസാന ദിവസം ജനതാദൾ (യുണൈറ്റഡ്) എംഎൽഎ കെ ജോയ്കിഷനാണ് പ്രമേയം അവതരിപ്പിച്ചത്.

1971 നും 2001 നും ഇടയിൽ സംസ്ഥാനത്തെ മലയോര മേഖലകളിലെ ജനസംഖ്യ 153.3 ശതമാനം വർദ്ധിച്ചുവെന്നും 2002 നും 2011 നും ഇടയിൽ 250.9 ശതമാനത്തിലെത്തി എന്നും അദ്ദേഹം അവകാശപ്പെട്ടു. മണിപ്പൂരിലേക്ക് പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറുന്നതിൽ ജെഡിയു എംഎൽഎ ആശങ്ക പ്രകടിപ്പിച്ചു. താഴ്‌വര ജില്ലകളിൽ നിന്നുള്ളവർ മലനിരകളിൽ സ്ഥിരതാമസമാക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ജനസംഖ്യ ഗണ്യമായി വർദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

അനധികൃത കുടിയേറ്റക്കാരുടെ ജനസംഖ്യ വളരെയധികം വർദ്ധിച്ചു. മണിപ്പൂരിന് മ്യാൻമറുമായി അന്താരാഷ്ട്ര അതിർത്തിയുണ്ടെന്ന് ജെഡിയു എംഎൽഎ ചൂണ്ടിക്കാട്ടി. ജെഡിയു എംഎൽഎ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങൾക്ക് മേലുള്ള ചർച്ചയിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പങ്കെടുത്തു.