കാൾ മാക്സ്, ഏംഗൽസ്, ലെനിൻ എന്നിവർക്കെതിരെ വിവാദ പരാമർശം നടത്തിയ മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെതിരെ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ. സിപിഎം പറഞ്ഞാൽ മുനീറിന്റെ ഓഫീസ് ഇടിച്ചുനിരത്തുമെന്നും പൊലീസിനെ ഭയന്നല്ല ചെയ്യാത്തതെന്നും ഡി.വൈ.എഫ്.ഐ നേതാവ് മഹ്റൂഫ് പറഞ്ഞു.

കാൾ മാക്സ്, ഏംഗൽസ് എന്നിവരുടെ പേര് പറയാൻ പോലും എം.കെ മുനീറിന് അർഹതയില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ് പറഞ്ഞു. സഹായികളില്ലാതെ നേരെ നിൽക്കാൻ ആരോഗ്യമില്ലാത്ത നേതാവാണ് മുനീറെന്നും മഹ്റൂഫ് വിമർശിച്ചു. ‘മതം, മാർക്സിസം, നാസ്തികത’ എന്ന വിഷയത്തിൽ എം.എസ്.എഫിന്‍റെ നേതൃത്വത്തിലുള്ള ‘വേര്’ കാമ്പയിന്‍റെ സംസ്ഥാനതല സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുനീർ.

“മാർക്സിനെപ്പോലെ വൃത്തിഹീനനായ മറ്റൊരു മനുഷ്യനും ലോകത്തുണ്ടാവില്ല. കുളിക്കുകയോ പല്ലുതേയ്ക്കുകയോ ചെയ്യില്ലായിരുന്നു. ഭാര്യയെ കൂടാതെ വീട്ടുജോലിക്കാരിയുമായും ബന്ധമുണ്ടായിരുന്നു. വേലക്കാരിയുടെ മകൻ അടുക്കളയിലൂടെയാണ് അമ്മയെ കാണാൻ വന്നത്. മാർക്സ് മദ്യത്തിന് അടിമയായിരുന്നു. മാർക്സും ഏംഗൽസും ലെനിനും എല്ലാം കോഴികളായിരുന്നു,” മുനീർ പറഞ്ഞു.