പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കില്ല. എൻ.ഡി.എയുമായി സഖ്യത്തിലായിരുന്നിട്ടും ബി.ജെ.പിയുടെ പല പദ്ധതികളോടും മുഖം തിരിച്ചുനില്‍ക്കുന്ന നിതീഷ് കുമാറിന്‍റെ തീരുമാനം വിവാദമായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന നീതി ആയോഗ് യോഗം തിങ്കളാഴ്ച ന്യൂഡൽഹിയിൽ ചേരും. ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിമാർക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു. എന്നാൽ നിതീഷ് കുമാർ അസൗകര്യം പ്രകടിപ്പിച്ചു. ഉപമുഖ്യമന്ത്രിയായ ബിജെപി നേതാവിനെ അയയ്ക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു. പറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി എന്നാണ് വിവരം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കില്ല. പങ്കെടുത്തിട്ട് എന്ത് കാര്യം എന്നാണ് കെസിആറിന്റെ മറുചോദ്യം.

നിതീഷ് കുമാർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ ബിഹാറിനെ പ്രതിനിധീകരിച്ച് ആരും യോഗത്തിൽ പങ്കെടുക്കില്ല. നിതീഷ് കുമാറിന് കൊവിഡ് ബാധിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇത് ഭേദമായത്. അതുകൊണ്ടാണ് നിതീഷ് ഡൽഹിയിലേക്കുള്ള യാത്ര ഒഴിവാക്കിയതിന് കാരണമായി പറയുന്നത്. എന്നാൽ നിതീഷ് കുമാർ തിങ്കളാഴ്ച തന്‍റെ മണ്ഡലത്തിൽ ജനങ്ങളുമായി സംവദിക്കുന്ന ജനതാ ദർബാർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. നീതി ആയോഗിന്‍റെ വികസന റാങ്കിംഗിൽ ബീഹാറിന്‍റെ റാങ്ക് വളരെ കുറവാണ്. ഇതാണ് നിതീഷ് കുമാറിന്‍റെ അതൃപ്തിക്ക് ഒരു കാരണം.

നിതീഷ് കുമാറിന് നരേന്ദ്ര മോദിയുമായി ചില പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ വിടവാങ്ങൽ പരിപാടിയിൽ നിതീഷ് പങ്കെടുത്തിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് കോവിന്ദിന് അത്താഴവിരുന്ന് നൽകി. പുതിയ പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ ആദ്യ ചടങ്ങ് കൂടിയായിരുന്നു ഇത്. മുർമുവിന് വോട്ട് ചെയ്ത നിതീഷ് കുമാർ മോദിയോട് അതൃപ്തിയുള്ളതിനാലാണ് അത്താഴവിരുന്നിൽ പങ്കെടുക്കാതിരുന്നത്.