രക്ഷാബന്ധൻ പ്രമാണിച്ച് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 48 മണിക്കൂർ ആണ് യാത്ര സൗജന്യമാക്കുന്നത്. ഓഗസ്റ്റ് 10 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 12 അർദ്ധരാത്രി വരെയാണ് സൗജന്യ യാത്ര ലഭ്യമാകുക. രക്ഷാബന്ധൻ അടുത്തിരിക്കെ സംസ്ഥാനത്തെ സ്ത്രീകൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമ്മാനമായാണ് ഈ പ്രഖ്യാപനം.

രക്ഷാബന്ധൻ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും സുരക്ഷിതമായ യാത്രയ്ക്കായി ഉത്തർപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (യുപിഎസ്ടിസി) ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവം’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് യോഗിയുടെ പ്രഖ്യാപനം.

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആഹ്വാനം ഏറ്റെടുത്താണ് സ്ത്രീകൾക്ക് സൗജന്യങ്ങൾ നൽകാൻ സർക്കാർ തീരുമാനിച്ചത്.