തിരുവനന്തപുരം: ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ആർ.ടി.സിക്ക് സർക്കാരിന്റെ അടിയന്തര സഹായം. ഡീസൽ വാങ്ങാൻ 20 കോടി രൂപ അനുവദിച്ചു. എണ്ണക്കമ്പനികളുടെ കുടിശ്ശിക അടയ്ക്കാനും ഇന്ധനം വാങ്ങാനും പണമില്ലാത്തതിനാൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ അടിയന്തര സഹായം അനുവദിച്ചത്.

ഇന്ധനച്ചെലവിനുളള പണം ജൂണിലെ ശമ്പള കുടിശ്ശിക തീർക്കാൻ ഉപയോഗിച്ചതോട കെ.എസ്.ആര്‍.ടി.സി. കടുത്ത ഡീസല്‍ ക്ഷാമത്തിലായി. 13 കോടി രൂപയുടെ കുടിശ്ശിക തീർക്കാതെ ഡീസൽ വിതരണം ചെയ്യില്ലെന്ന് എണ്ണക്കമ്പനികൾ പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതേതുടർന്ന് ഓർഡിനറി ബസുകൾ വെട്ടിക്കുറച്ചു.

ഇതിന് പിന്നാലെയാണ് അടിയന്തര സഹായം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സർക്കാരിനെ സമീപിച്ചത്. കെ.എസ്.ആർ.ടി.സി 20 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ആവശ്യം പൂർണമായും അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. നിലവിലെ പ്രതിസന്ധി മറികടക്കാൻ പണം ലഭിച്ചിട്ടുണ്ടെന്നാണ് കോർപ്പറേഷൻ മാനേജ്മെന്‍റിന്‍റെ വിലയിരുത്തൽ. കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ട തുക നൽകിയെന്നാണ് സർക്കാരിന്റെ വിശദീകരണം.