ന്യൂഡല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെറുകിട ഉപഭോക്താക്കൾക്ക് നൽകുന്ന വിലയ്ക്ക് ബള്‍ക്ക് ഉപഭോക്താവായ കെഎസ്ആര്‍ടിക്ക് ഡീസൽ വിതരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി. വിപണി വിലയ്ക്ക് ഡീസൽ നൽകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സമർപ്പിച്ച ഹർജി തള്ളണമെന്ന് കമ്പനി കോടതിയോട് അഭ്യർത്ഥിച്ചു. ഡീസൽ വില നിര്‍ണയത്തില്‍ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഐഒസി വ്യക്തമാക്കിയിട്ടുണ്ട്.

വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഹർജിയിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ കൊച്ചി ഇൻസ്റ്റിറ്റ്യൂഷണൽ ബിസിനസിന്‍റെ ബിസിനസ് മാനേജർ എൻ.ബാലാജി സത്യവാങ്മൂലം സമർപ്പിച്ചത്. നേരത്തെ ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഉള്ള പല ആനുകൂല്യങ്ങളും കെഎസ്ആര്‍ടിസി സ്വീകരിച്ചിരുന്നു. ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വില കൂടിയപ്പോള്‍ ചെറുകിട ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന തുകയ്ക്ക് ഡീസല്‍ ലഭിക്കണം എന്ന് പറയുന്നത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു

ബൾക്ക് ഉപഭോക്താക്കൾക്ക് വില വർദ്ധിപ്പിച്ചതിന് ശേഷം കെ.എസ്.ആർ.ടി.സി ഡീസൽ വാങ്ങിയിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) സുപ്രീം കോടതിയെ അറിയിച്ചു. “കെ.എസ്.ആർ.ടി.സി നിലവിൽ ചെറുകിട പമ്പുകളിൽ നിന്നാണ് ഡീസൽ വാങ്ങുന്നത്. അതിനാൽ, അവരുടെ മൗലികാവകാശങ്ങളൊന്നും ലംഘിക്കപ്പെട്ടിട്ടില്ല.” സത്യവാങ്മൂലത്തിൽ പറയുന്നു. 139.97 കോടി രൂപയാണ് ഡീസല്‍ വാങ്ങിയ ഇനത്തില്‍ കെ.എസ്.ആർ.ടി.സി തരാനുള്ളത്. ഇതില്‍ 123.36 കോടി രൂപ ഡീസല്‍ വാങ്ങിയ ഇനത്തില്‍ നല്‍കാനുള്ളത് ആണ്. 16.61 കോടി രൂപ പലിശയിനത്തില്‍ നല്‍കാനുള്ള തുകയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.