തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയാൽ ഇനി ചക്കപപ്പടവും കിട്ടും. അതും വ്യത്യസ്ത നിറവും രുചിയുമുള്ള കൽപാത്തി ചക്കപപ്പടം. പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളിൽ ആരംഭിച്ച വൺ സ്റ്റേഷൻ വൺ പ്രൊഡക്ട് പദ്ധതിയുടെ ഭാഗമായാണ് ഇവിടെ ചക്കപപ്പടം വിൽപ്പനയ്ക്ക് സ്റ്റാൾ ആരംഭിച്ചത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഓരോ റെയിൽവേ സ്റ്റേഷനും പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം..

ഭക്ഷ്യോത്പന്നങ്ങൾ, മൺപാത്രങ്ങൾ. കരകൗശല വസ്തുക്കൾ, നെയ്ത്തുകാരുടെ ഉൽപ്പന്നങ്ങൾ മുതലായവ വിപണനം ചെയ്യപ്പെടുന്നു. പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസമാണ് വിപണന കേന്ദ്രങ്ങൾ തുറന്നത്. തിരൂരിൽ കൽപാത്തിയിലെ ജാക്ക് ഫ്രൂട്ട് പ്രോഡക്ട് എന്ന സ്ഥാപനത്തിനാണ് സ്റ്റാൾ ലഭിച്ചത്. ചക്കപപ്പടത്തിന്റെ പാക്കറ്റാണ് ഇവർ വിൽക്കുന്നത്.

കുടുംബശ്രീ പ്രവർത്തകരാണ് ഉൽപ്പന്നം നിർമ്മിക്കുന്നത്. കോയമ്പത്തൂരിൽ വച്ച്, വരിക്കച്ചക്ക ചതച്ച് അരിയും ചേർത്ത് ആണ് ഇവ നിർമ്മിക്കുന്നത്. തക്കാളി, പച്ചമുളക്, ബീറ്റ്റൂട്ട്, വെളുത്തുള്ളി, പുതിന മുതലായവയുടെ ഫ്ലേവറുകൾ ഒരുമിച്ച് ചേർത്താണ് ഇവ നിർമിക്കുന്നത്. 100 രൂപയാണ് പാക്കറ്റിന്‍റെ വില. പരപ്പനങ്ങാടിയിലും സ്റ്റാളുകൾ തുറന്നിട്ടുണ്ട്. കുറ്റിപ്പുറത്ത് ഇത് ഉടൻ ആരംഭിക്കും.