തിരുവനന്തപുരം: ഫ്രഞ്ച് ലീ​ഗ് വണിലെ പുതിയ സീസണിന് ഗംഭീര തുടക്കമിട്ട് ആദ്യ കളിയിൽ പിഎസ്ജി ക്ലെർമോണ്ട് ഫൂട്ടിനെ മറുപടിയില്ലാത്ത അഞ്ച് ​ഗോളുകൾക്ക് തകർത്തു. ആരാധകർക്ക് സന്തോഷം നൽകുന്നത് മത്സരത്തിൽ ഇരട്ട ​ഗോളുകളുമായി സൂപ്പർ താരം ലയണൽ മെസി കളം നിറഞ്ഞതാണ്. താരം നേടിയ അക്രോബാറ്റിക് ​ഗോളും ഇപ്പോൾ തരം​ഗമായി മാറിക്കഴിഞ്ഞു

ഇപ്പോഴിതാ കടുത്ത ബ്രസീൽ ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഈ ​ഗോളിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. മെസിയുടെ മാജിക്ക് ​ഗോളിന്റെ വീഡിയോ , ‘കാര്യം നമ്മൾ ബ്രസീൽ ഫാൻ ആണേലും ഇതൊന്നും കാണാതെ പോകൂലാ’ എന്ന അടിക്കുറിപ്പോടെയാണ് ശിവൻകുട്ടി പങ്കിട്ടത്.

80-ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോൾ. നെയ്മറിനൊപ്പം പാസ് കളിച്ചാണ് മെസി ആദ്യ ഗോൾ നേടിയത്. 86-ാം മിനിറ്റിലാണ് മെസിയുടെ വിജയഗോൾ പിറന്നത്. ലിയാന്‍ഡ്രോ പരഡെസിന്റെ പാസ് നെഞ്ചിലെടുത്ത് അക്രോബാറ്റിക് ഓവര്‍ഹെഡ് കിക്കിലൂടെയാണ് മെസി വല കുലുക്കിയത്.