ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ എൽദോസ് പോളിനെയും വെള്ളി മെഡൽ നേടിയ അബ്ദുള്ള അബൂബക്കറിനെയും പ്രസിഡന്‍റ് ദ്രൗപദി മുർമു അഭിനന്ദിച്ചു. ‘ചരിത്രം പിറന്നു’, ദ്രൗപദി മുർമു ട്വിറ്ററിൽ കുറിച്ചു. ഇരുവരുടെയും അപൂർവ്വ നേട്ടം ദീർഘകാലത്തേക്കുളളതാണെന്നും രാഷ്ട്രപതി പറഞ്ഞു.

മെഡൽ നേട്ടത്തിന് പിന്നാലെ എൽദോസ് പോളിന്‍റെ ജന്മ നാടായ എറണാകുളം കോലഞ്ചേരിയിലും അബ്ദുള്ള അബൂബക്കറിന്‍റെ ജന്മനാടായ കോഴിക്കോട്ടെ നാദാപുരത്തും ആഘോഷങ്ങൾക്ക് തുടക്കമായി. കോലഞ്ചേരിയിൽ എൽദോസ് പോളിന്‍റെ ഫ്ലെക്സുമായി നാട്ടുകാർ ആഹ്ലാദപ്രകടനം നടത്തി. ബന്ധുക്കൾ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. പടക്കം പൊട്ടിച്ചാണ് നാട്ടുകാർ എൽദോസിന്‍റെ വിജയം ആഘോഷിച്ചത്.