ന്യൂഡൽഹി: എയർടെല്ലും റിലയൻസ് ജിയോയും ഈ മാസം തന്നെ ഇന്ത്യയിൽ 5 ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പീഡ് ടെസ്റ്റ് ആപ്ലിക്കേഷനായ ഊക്ല നടത്തിയ സർവേ പ്രകാരം, 89 ശതമാനം ടെലികോം ഉപഭോക്താക്കളും 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യപ്പെടുന്നു.

5ജിയുടെ വില നിരക്ക്, കവറേജ്, ഉപഭോക്തൃ വിദ്യാഭ്യാസം തുടങ്ങിയ വെല്ലുവിളികളെ വിപണി മറികടക്കേണ്ടതുണ്ട്. 5 ജി നെറ്റ് വര്‍ക്കുകള്‍ കുറച്ചുകൂടി പ്രീമിയം നിരക്കിലുള്ളവയായിരിക്കുമെന്ന് വോഡഫോൺ ഐഡിയ സൂചന നൽകി.

5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന 89 ശതമാനം ആളുകളിൽ 48 ശതമാനം പേരും എത്രയും വേഗം 5 ജിയിലേക്ക് മാറാൻ തയ്യാറാണ്. അവരിൽ 20 ശതമാനം പേരും നിലവില്‍ ഉപയോഗിക്കുന്ന ടെലികോം സേവനദാതാവ് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനായി കാത്തിരിക്കാന്‍ തയ്യാറാണ്.