പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച തിരംഗ് യാത്രയ്ക്കിടെ ദേശീയപതാകയെ അപമാനിച്ചതായി യൂത്ത് കോണ്‍ഗ്രസ് പരാതി നൽകി. പ്രവർത്തകർ ഡിജെ ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയും ദേശീയപതാക വീശുകയും ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നാണ് പരാതി നൽകിയത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിലെ നിയമലംഘനങ്ങളെ പൊലീസ് അവഗണിക്കുന്നെന്നാണ് ആക്ഷേപം. ഈ ദൃശ്യങ്ങൾ സഹിതമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയത്. സ്വാതന്ത്ര്യത്തിന്‍റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിക്ടോറിയ കോളേജ് പരിസരത്ത് നിന്നാണ് യുവമോർച്ച പ്രവർത്തകർ പ്രകടനം ആരംഭിച്ചത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തുടങ്ങിയവർ ജാഥയിൽ പങ്കെടുത്തു. പ്രകടനം കടന്നുപോകുന്നതിനിടെയാണ് ഇത്തരമൊരു മാന്യതയില്ലാത്ത പ്രവൃത്തി നടന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരെ പൊലീസ് കേസെടുത്ത് നടപടിയെടുക്കണം. ഞായറാഴ്ച യുവമോര്‍ച്ചയുടെ പ്രകടനം കടന്നുപോയ വഴികളിലൂടെ യൂത്ത് കോണ്‍ഗ്രസിന്റെ അഭിമാനയാത്രയും സംഘടിപ്പിച്ചു. പൊലീസ് നടപടി വൈകിയാല്‍ നിയമപരമായ പ്രതിരോധം ഉയര്‍ത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.